IST:
ഹോം പ്രവാസിഭാരതം Posted on: 04 Sep 2009

ഇ.സി.എ. ഓണാഘോഷത്തിന് നാളെ തിരിതെളിയും

ബാംഗ്ലൂര്‍: വ്യത്യസ്തവും തനിമയാര്‍ന്ന പരിപാടികളുമായി ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇ.സി.എ.) ഓണാഘോഷങ്ങള്‍ സപ്തംബര്‍ അഞ്ചിന് ആരംഭിക്കും. വൈകീട്ട് ആറിന് ഇന്ദിരാനഗര്‍ ഇ.സി.എ. ഹാളില്‍ നടക്കുന്ന 'ഓണോത്സവം-2009' പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്ര താരവുമായ പ്രിയങ്ക, സിനിമ-സീരിയല്‍ താരം നീന കുറുപ്പ്, നടനും സംവിധായകനുമായ മധുപാല്‍ എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കും.

ഇ.സി.എ. പ്രസിഡന്റ് ഒ.വിശ്വനാഥന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഓണാഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എം.കെ.കുര്യാക്കോസ്, കണ്‍വീനര്‍ പി.വിക്രമന്‍പിള്ള, ഇ.സി.എ. ട്രഷറര്‍ ജേക്കബ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി എം.കെ.സോമന്‍ എന്നിവര്‍ സംസാരിക്കും.ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം ഇ.സി.എ. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ നടക്കും.

സപ്തംബര്‍ ആറിന് രാവിലെ ഏഴിന് എന്‍.ഡി.കെ. കല്യാണമണ്ഡപത്തില്‍ പൂക്കളമത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. കേരളത്തിലെ ചായക്കട മാതൃകയില്‍ ആഘോഷങ്ങള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പുമെന്ന് പ്രസിഡന്റ് ഒ.വിശ്വനാഥന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചയ്ക്ക് 1.30ന് കല്‍പ്പാത്തി ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 2.45ന് കലാമണ്ഡലം മോഹനകൃഷ്ണന്റെ ഓട്ടന്‍തുള്ളല്‍, നാലിന് അനുരാധ വിക്രാന്തും സംഘവും അവതരിപ്പിക്കുന്ന നൃത്തം എന്നിവയും നടക്കും.

സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയാണ് ഓണോത്സവത്തിന്റെ മറ്റൊരു ആകര്‍ഷണം. രാവിലെ 10.30ന് കുട്ടികളുടെ പരിപാടികളും 11.15ന് പ്രച്ഛന്നവേഷ മത്സരം, 12.00ന് ഗാനമേള, 1.00ന് അക്ഷരശ്ലോകം എന്നിവയും ഉണ്ടാകും.

തൃശ്ശൂരിലെ പ്രമുഖ പാചക വിദഗ്ധന്‍ അമ്പിസ്വാമി തയ്യാറാക്കുന്ന 38 വിഭവങ്ങളടങ്ങിയ സദ്യ സപ്തംബര്‍ ആറിന് രാവിലെ 11 മുതല്‍ 2.30 വരെ ലഭിക്കും. എന്‍.ഡി.കെ. കല്യാണമണ്ഡപത്തിലാണ് സദ്യയൊരുക്കങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രസിഡന്റ് ഒ. വിശ്വനാഥന്‍, വൈസ് പ്രസിഡന്റ് കുര്യാക്കോസ് എം.കെ., ജനറല്‍ സെക്രട്ടറി സോമന്‍ എം.കെ., ജോയന്റ് സെക്രട്ടറി വിക്രമന്‍പിള്ള, ട്രഷറര്‍ ജേക്കബ് വര്‍ഗീസ്, പബ്ലിസിറ്റി ഭാരവാഹികളായ എന്‍.ജെ. തോമസ്, ഫിലിപ്പ് മാത്യു, പ്രദീപ്, രാഘവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രവാസിഭാരതം



© Copyright 2009. Mathrubhumi. All rights reserved.