IST:
ഹോം പ്രവാസിഭാരതം Posted on: 04 Oct 2009

കണ്ണൂര്‍ വിമാനത്താവളം മൂന്ന് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും -മന്ത്രി കോടിയേരി

കണ്ണൂര്‍: അടുത്ത ജനവരിയോടെ കണ്ണൂര്‍ വിമാനത്താവളം നിര്‍മിക്കാനുള്ള 1200 ഏക്കര്‍ ഭൂമി കൈമാറുമെന്നും തുടര്‍ന്ന് മൂന്നുവര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാവുമെന്നും ആഭ്യന്തര-ടുറിസം മന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ പ്രഖ്യാപിച്ചു.

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കണ്ണൂര്‍ പ്രസ് ക്ലബ്ബും ചേര്‍ന്ന് 'വിമാനത്താവളം -വര്‍ത്തമാനവും ഭാവിയും' എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ ഭൂമി ഏറ്റെടുക്കുന്ന ജോലി ദ്രുതഗതിയില്‍ നടക്കുകയാണ്. കിന്‍ഫ്രയ്ക്കാണ് ഇതിന്റെ ചുമതല. 2000 ഏക്കറാണ് മൊത്തംവേണ്ടത്. ഒന്നാംഘട്ടം ഭൂമി ഏറ്റെടുക്കല്‍ കിന്‍ഫ്ര ഡിസംബറോടെ പൂര്‍ത്തിയാക്കും. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കമ്പനി എന്നപേരില്‍ കമ്പനി രൂപവത്കരണത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ജനവരിയോടെ ഏറ്റെടുത്ത ഭൂമി കിന്‍ഫ്ര പുതിയ കമ്പനിക്ക് കൈമാറും. തുടര്‍ന്ന് സ്വകാര്യസംരംഭകരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. പ്രവാസി മലയാളികള്‍ക്ക് പ്രാതിനിധ്യമുള്ള 'ഇന്‍കല്‍'എന്ന സ്ഥാപനം പദ്ധതിയില്‍ താല്പര്യം കാണിച്ചിട്ടുണ്ട്. സര്‍ക്കാരിന് പ്രാതിനിധ്യമുള്ള കമ്പനികളും കണ്‍സോര്‍ഷ്യം വഴി വിമാനത്താവളം നിര്‍മിക്കാനുള്ള ആലോചനയും നടക്കുന്നു. ആഗോള ടെന്‍ഡര്‍ വഴി സുതാര്യമായിത്തന്നെ സ്വകാര്യസംരംഭകരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഈ ഗവണ്‍മെന്റിന്റെ കാലത്തുതന്നെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭൂമി ഏറ്റെടുക്കാന്‍ പണം പ്രശ്‌നമാവില്ല. വിമാനത്താവളത്തോടൊപ്പം അനുബന്ധറോഡുകളും നിര്‍മിക്കും. ഇതിനായി നാറ്റ്പാക്കിനെയും പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കൃത്യമായി അവലോകനംചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹൈ ലെവല്‍ കമ്മിറ്റിയും ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ബജറ്റില്‍ അനുബന്ധറോഡുകള്‍ക്കായി 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഓരോമാസവും ഹൈലെവല്‍ കമ്മിറ്റി പ്രവര്‍ത്തനം അവലോകനംചെയ്യും. സ്‌പെഷല്‍ ഓഫീസറോട് ആഴ്ചതോറും പുരോഗതിറിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്രഗവണ്‍മെണ്ട് ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞതായി കെ.സുധാകരന്‍ എം.പി. പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടാന്‍ ഇതിനുമാത്രമായി ഒരുകമ്മിറ്റിയെ നിയോഗിക്കണം. ഭൂമി ഏറ്റെടുക്കല്‍ നടക്കുമ്പോള്‍ത്തന്നെ സ്വകാര്യ സംരംഭകരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങാന്‍ എന്താണ് തടസ്സമെന്ന് എം.പി. ചോദിച്ചു. അക്വിസിഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ഇതിന് കിന്‍ഫ്രയ്ക്ക് വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും കെ.സുധാകരന്‍ എം.പി. ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കലിലെ പ്രധാന കടമ്പകളെല്ലാം കടന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് കെ.കെ.ശൈലജ എം.എല്‍.എ. പറഞ്ഞു. റജിസ്‌ട്രേഷന്‍ നടപടിക്ക് വേഗംകൂട്ടാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. പുനരവധിവാസത്തിനായുള്ള 40 ഏക്കര്‍ ഭൂമി പെട്ടെന്ന് തന്നെ അടയാളപ്പെടുത്തേണ്ടതാണ്. 220 കെ.വി.സബ്‌സ്റ്റേഷന്‍ തുടങ്ങാന്‍ കെ.എസ്.ഇ.ബിയും ഒരുങ്ങിക്കഴിഞ്ഞു. കിന്‍ഫ്രയ്ക്ക് ഉത്തരകേരളത്തില്‍ ഒരു റീജണല്‍ ഓഫീസ് തുടങ്ങുന്ന കാര്യം പരിഗണിക്കണമെന്നും കെ.കെ.ശൈലജ എം.എല്‍.എ. പറഞ്ഞു.

ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരം സംബന്ധിച്ച പരാതികളെല്ലാം ഉടനെ തീര്‍പ്പാക്കുമെന്ന് ജില്ലാകളക്ടര്‍ വി.കെ.ബാലകൃഷ്‌നന്‍ അറിയിച്ചു. പുനരധിവാസം അടുത്തമാസത്തോടെ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

ചേംബര്‍ പ്രസിഡന്റ് മഹേഷ്ചന്ദ്ര ബാലിഗ അധ്യക്ഷത വഹിച്ചു. വിമാനത്താവളം സ്‌പെഷല്‍ ഓഫീസര്‍ വി.തുളസീ ദാസിന്റെ സന്ദേശം ചേംബര്‍ വൈസ് പ്രസിഡന്റ് സി.ജയചന്ദ്രന്‍ വായിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദിനകരന്‍ കൊമ്പിലാത്ത് സ്വാഗതവും സെക്രട്ടറി എം.മധുസൂദനന്‍ നന്ദിയുംപറഞ്ഞു.

പ്രവാസിഭാരതം



© Copyright 2009. Mathrubhumi. All rights reserved.