പ്രാദേശികഭാഷകള്‍ തളര്‍ന്നാല്‍ ദേശീയതയ്ക്കു ഭീഷണി- മുഖ്യമന്ത്രി
ന്യൂഡല്‍ഹി :പ്രാദേശിക ഭാഷകള്‍ തളര്‍ന്നാല്‍ അത് ദേശീയതയ്ക്കു ഭീഷണിയാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഫിക്കി ഓഡിറ്റോറിയത്തില്‍ മലയാളം മിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സംസ്‌കാരങ്ങള്‍ അവഗണിക്കപ്പെടുന്നത് വിപത്തിലേക്കു നയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മറുനാടന്‍ മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. ഭാവിയില്‍ കേരളത്തിലെ മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാനും ഒരു മലയാളം മിഷന്‍ വേണ്ടി വരുമോയെന്നാണ് ആ ചോദ്യം. അണ്‍ എയ്ഡഡ്, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ കേരളത്തില്‍ പെരുകി വരികയാണ്. കേന്ദ്രീയവിദ്യാലയങ്ങള്‍, ആര്‍മി സ്‌കൂളുകള്‍ എന്നിങ്ങനെ ഒട്ടേറെ വിദ്യാലയങ്ങള്‍ വേറെയും പെരുകുന്നു. ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് മലയാളിക്കുട്ടികളില്‍ ഒരു വിഭാഗം പേര്‍ മലയാളത്തില്‍നിന്നു മാറിപ്പോവുന്നു. പല വിദ്യാലയങ്ങളിലും പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം നിര്‍ബന്ധമല്ലെന്നതാണ് സ്ഥിതി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതി അംഗീകരിച്ച രാജ്യമാണ് നമ്മുടേത്. എന്നാല്‍ അതു നടപ്പാക്കുന്നതില്‍ ജാഗ്രത കാട്ടിയില്ല. ത്രിഭാഷാ പദ്ധതി ഇനിയെങ്കിലും നിര്‍ബന്ധമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റെല്ലാം വിദ്യാലയങ്ങളിലും പാഠ്യപദ്ധതിയുടെ ഭാഗമായി മാതൃഭാഷ പഠിപ്പിക്കാന്‍ സംവിധാനമുണ്ടായേ പറ്റൂ. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള ലക്ഷക്കണക്കിന് മലയാളികളുടെ പുതുതലമുറ പതുക്കെപ്പതുക്കെമലയാളത്തില്‍നിന്നകലുന്നുവെന്ന് മനസ്സിലാക്കിയാണ് ഭാഷാ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മലയാളി സംഘടനകളുടെ ആത്മാര്‍ഥമായ സഹകരണം കൊണ്ട് ഇതു യാഥാര്‍ഥ്യമായി. ആവേശകരമായ ഈ അനുഭവം രാജ്യത്തിനകത്തും പുറത്തുമുള്ള മറുനാടന്‍ മലയാളി സംഘടനകളെ ആകര്‍ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി മാതൃകയില്‍ മുംബൈയിലും ചെന്നൈയിലും ഭാഷാ പഠന കേന്ദ്രം തുടങ്ങാന്‍ ആവശ്യപ്പെട്ട് മലയാളി സംഘടനകള്‍ തന്നെ സന്ദര്‍ശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളി സംഘടനകള്‍ക്ക് ഭാഷാ പഠന കേന്ദ്രം തുടങ്ങാന്‍ മലയാളം മിഷനിലൂടെ സഹായം നല്‍കും. പ്രത്യേകമായ പാഠപുസ്തകങ്ങള്‍ തയ്യാറാക്കി നല്‍കുക, അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക, പരീക്ഷ നടത്തുക, നിരന്തരമായ പ്രോത്സാഹനം നല്‍കുക, സംഘടനാ ചുമതല നിര്‍വഹിക്കുക എന്നീ കാര്യങ്ങളാണ് മലയാളം മിഷന്‍ നിര്‍വഹിക്കുക. അതതു നാടുകളിലെ ഔദ്യോഗിക സഹകരണവും ഭാഷാ പഠനകേന്ദ്രങ്ങളുടെ നടത്തിപ്പിനായി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.